Wednesday, October 7, 2020

കേരള സിംഹം

ഇന്ത്യൻ സ്വാതന്ത്രൃ സമര ചരിത്രത്തിലെ വിസ്മരിക്കാൻ കഴിയാത്ത ഒരു നാമമാണ്  കേരള സിംഹം എന്ന് അറിയപ്പെട്ട പഴശ്ശിരാജയുടേത്.ബ്രിട്ടീഷ് രേഖകളിൽ' പൈച്ചിരാജ' യെന്നും' കൊട്ട്യോട്ട് രാജ' എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.പഴശ്ശി രാജാവിൻ്റെ ജീവിതം ഇതിവൃത്തമാക്കി സർദ്ദാർ കെ.എം. പണിക്കർ 'കേരള സിംഹം' എന്ന പേരിൽ ഒരു ചരിത്ര നോവൽ എഴുതിയിട്ടുണ്ട്.ബ്രിട്ടീഷുകാർക്ക് പിടികൊടുക്കാതെ തൻ്റെ വജ്ര മോതിരം വിഴുങ്ങി പഴശ്ശി രാജാവ് ആത്മഹത്യ ചെയ്തതായാണ് നോവലിലെ ഇതിവൃത്തം.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലബാറിൽ നടന്ന ശക്തമായ ചെറുത്തു നിൽപ്പിന് നേതൃത്വം നൽകിയത് കോട്ടയം രാജകുടുംബത്തിലെ പഴശ്ശിരാജയാണ്.വയനാടിനു മേൽ ബ്രിട്ടീഷുകാർ അവകാശ വാദം ഉന്നയിച്ചപ്പോൾ ജനങ്ങളെ സംഘടിപ്പിച്ച്  അതിനെതിരെ പോരാടി.ചെമ്പൻപോക്കർ , കൈതേരി അമ്പുനായർ ,എടച്ചേന കുങ്കൻ നായർ ,വയനാട്ടിലെ കുറിച്യ നേതാവായ തലക്കൽ ചന്തു എന്നിവരുടെ സഹായത്താൽ പഴശ്ശി ശക്തമായ ഒളിപ്പോർ നടത്തി.പോരാട്ടത്തിനിടയിൽ 1805 നവംബർ 30 ന് പഴശ്ശിരാജ വധിക്കപ്പെട്ടു.

No comments:

Post a Comment